75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; മുഖ്യ അതിഥി ഇമ്മാനുവല്‍ മാക്രോൺ

75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; മുഖ്യ അതിഥി ഇമ്മാനുവല്‍ മാക്രോൺ
75-ാം റിപ്പബ്ലിക് ദിന നിറവിൽ ഇന്ത്യ. പരമാധികാര രാഷ്‌ട്രമായി രാജ്യം മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും.

1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും പൂർണ്ണമായ ജനാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 -നായിരുന്നു. ഈ ദിനത്തിൻറെ ഓർമ്മയ്‌ക്കായാണ് രാജ്യം എല്ലാവർഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുക.

ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം.

ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്‌ട്രപതി എത്തുന്നതോടയാകും പരേഡിന് തുടക്കമാകുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി.

പരേഡിനായി സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 15-ഓളം ടാബ്ലോകളും തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യ ​ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പിൽ ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും. ‌

ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അം​ഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഇതിന് പുറമേ 33 അം​ഗ ബാൻഡ് സംഘവും അണിനിരക്കും.

ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ സാന്നിധ്യമറിയിക്കും.

13,000ത്തോളം അതിഥികള്‍ ഉള്‍പ്പെടെ ഏകദേശം 77,000ത്തോളം പേരാണ് കര്‍ത്തവ്യ പഥത്തിലെ റിപ്പബ്ലിക് ആഘോഷങ്ങള്‍ നേരില്‍ കാണാനെത്തിച്ചേരുക. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10.30ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും.

ഇന്ത്യയുടെ സ്വന്തം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമർ, നിരീക്ഷണ സംവിധാനങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച മോർട്ടറുകൾ, ബിഎംപി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ തുടങ്ങി ഒട്ടനവധി ആയുധങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്.

എല്ലാവർഷവും ഏറെ ആഘോഷപൂർവ്വമാണ് രാജ്യം റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും.

1950 മുതൽ 1954 വരെ ഡൽഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി. 1955 മുതലാണ് ആഘോഷ ചടങ്ങുകൾ രാജ്‌പഥിൽ നടത്താൻ തുടങ്ങിയത്. 2022 -ൽ, രാജ്പഥ് പുനർവികസിപ്പിച്ച് ‘കർത്തവ്യ പഥ്‘ എന്ന് പുനർനാമകരണം ചെയ്തു.