ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ പുതിയ സമരവുമായി ഇടുക്കിയിലെ സിപിഎം. റിപ്പപ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാനാണ് തീരുമാനം. പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ ചട്ടം രൂപീകരിക്കാനും കഴിയുന്നില്ല. രാജ് ഭവൻ മാർച്ച് അടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പുതിയ പ്രതിഷേധ രീതി തെരഞ്ഞെടുത്തത്.

ഇടുക്കി ജില്ല രൂപീകൃതമായതിന്‍റെ അമ്പത്തി രണ്ടാം വാര്‍ഷിക ദിനമായ ജനുവരി ഇരുപത്തിയാറിനാണ് ഗവർണർക്ക് ഇ- മെയിൽ അയക്കുന്നത്. ഇതിനുശേഷം രാജ് ഭവന് മുന്നിൽ കുടില്‍കെട്ടിയുള്ള അനിശ്ചിതകാല സമരം സംബന്ധിച്ച് എൽ ഡി എഫ് യോഗം തീരുമാനിക്കും. 1964 ലെ ഭൂപതിവ് നിയമത്തിൻറെ 71 ലെ ചട്ടപ്രകാരം ഇടുക്കിയിൽ കൈവശക്കാർക്ക് പട്ടയം നൽകുന്നത് നിർത്തി വയ്ക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോക് സഭ തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടു വിഷയങ്ങളിലും പരിഹാരമുണ്ടായില്ലെങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്കയും എൽഡിഎഫിനുണ്ട്.