ഗുവാഹത്തി: ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം എം.സി മേരി കോം വിരമിച്ചു. പ്രായപരിധി പരിഗണിച്ചാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക് മെഡലും ആറ് തവണ ലോക ചാമ്പ്യൻഷിപ്പും 41-കാരിയായ മേരി കോം ഇന്ത്യയ്‌ക്കായി സമ്മാനിച്ചിട്ടുണ്ട്.

ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ-വനിതാ ബോക്‌സർമാർക്ക് എലൈറ്റ് മത്സരങ്ങളിൽ 40 വയസാണ് പ്രായപരിധിയായി കണക്കാക്കുന്നത്. പ്രായപരിധി കാരണമാണ് വിരമിക്കുന്നതെങ്കിലും ബോക്‌സിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇനിയും ആഗ്രഹമുണ്ടെന്ന് മേരി കോം അറിയിച്ചു. ആറ് തവണ ലോക ചാമ്പ്യനായ ഒരേയൊരു താരമാണ് മേരികോം. 2014-ലാണ് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി അവർ മാറിയത്. ഇതിനുശേഷം പിന്നീട് 5 തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പും ഇന്ത്യയ്‌ക്കായി സമ്മാനിക്കാൻ മേരികോമിന് സാധിച്ചു.

2005, 2006, 2008, 2010 വർഷങ്ങളിൽ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടി. പിന്നീട് കുഞ്ഞുങ്ങൾ പിറന്നതോടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ മേരികോം താത്കാലികമായി കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. തുടർന്ന് 2018-ൽ വീണ്ടും ബോക്‌സിങ് ലോകത്തേക്ക് തിരിച്ചു വരവ് നടത്തിയ അവർ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പും നേടി.