പാത്രിയര്‍ക്കീസ് ബാവ വയനാട് സന്ദര്‍ശിക്കും

പാത്രിയര്‍ക്കീസ് ബാവ വയനാട് സന്ദര്‍ശിക്കും 


മീനങ്ങാടി: സുറിയാനി ഓർത്തഡോക്സ് സഭയുടെ 123-ാമത് പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ എത്തിച്ചേരും. 20 ദിവസങ്ങളോളം നീളുന്ന ഇന്ത്യൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ എത്തുന്നത്. സിറിയൻ സ്വദേശിയായ പാത്രിയർക്കീസ് ബാവ 2014ൽ പാത്രിയർക്കീസ് സ്ഥാനം ഏറ്റതിനുശേഷം ഇത് നാലാം തവണയാണ് സുറിയാനി സഭയുടെ ഭാഗമായ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിൽ സന്ദർശനം നടത്തുന്നത്. 1982ൽ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ സന്ദർശിച്ചതിനുശേഷം ആദ്യമായാണ് നിലവിലെ പാത്രിയർക്കീസ് ബാവ വയനാട്ടിലെത്തുന്നത്. സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മലബാർ ഭദ്രാസനം ചെയ്തുവരുന്നത്.

ജനുവരി 25ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പാത്രിയർക്കീസ് ബാവ ബാംഗ്ലൂർ ഭദ്രാസനത്തിലെ വിവിധ ചടങ്ങുകൾക്ക് ശേഷം ഫെബ്രുവരി ഒന്നിന് മീനങ്ങാടിയിലെത്തും. രണ്ടിന് രാവിലെ ഏഴരക്ക് മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും. സുറിയാനി സഭയുടെ വിവിധ രാജ്യങ്ങളിലെ ഒരു സംഘം മെത്രാപ്പോലീത്തമാരും ബാവയെ അനുഗമിക്കുന്നുണ്ട്. യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും.
ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് ചെയർമാനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ച് വയനാട് ജില്ലയും നീലഗിരിയും ഉൾപ്പെടുന്ന അഞ്ച് മേഖലകളിൽ മേഖലാ യോഗങ്ങൾ സംഘടപ്പിച്ച് ഒരുക്കങ്ങൾ നടത്തി വരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ സഭയുടെ അദ്ധ്യക്ഷന്റെ സന്ദർശനത്തോടനുബന്ധിച്ചും ഒരു മാസം നീണ്ടുനിൽക്കുന്ന രക്തദാന പ്രവർത്തനങ്ങളും അനുബന്ധ സേവനങ്ങളും ചെയ്‌ത് വരുന്നതായി ഭദ്രാസന നേതൃത്വം അറിയിച്ചു.
യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി മലബാർ ഭദ്രാസനം 50 നിർധന യുവതികൾക്ക് 50000 രൂപ വീതം വിവാഹ സഹായ ധനസഹായം വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

വയനാട് ജില്ല കൂടാതെ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നി ജില്ലകളിലും പാത്രിയർക്കീസ് ബാവ സന്ദർശനം നടത്തും.

വാർത്താസമ്മേളനത്തിൽ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.മത്തായി അതിരംപുഴയിൽ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജെയിംസ് വേലിൽ, ഫാ. എൽദോ എ.പി., ഫാ. സിനു ചാക്കോ, ബേബി വാളങ്കോട്ട്, കെ.എം. ഷിനോജ്, ബിനോയി അറാക്കുടി, അനിൽ ജേക്കബ്, ജോൺ ബേബി, എൽദോ പോൾ എന്നിവർ പങ്കെടുത്തു.