യുവാവ്‌ വീട്ടുമുറ്റത്തു കുത്തേറ്റ്‌ മരിച്ച നിലയില്‍; ആത്മഹത്യയെന്നു പോലീസ്‌

യുവാവ്‌ വീട്ടുമുറ്റത്തു കുത്തേറ്റ്‌ മരിച്ച നിലയില്‍; ആത്മഹത്യയെന്നു പോലീസ്‌

നെടുങ്കണ്ടം: യുവാവിനെ വീടിനു മുമ്പില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാരിത്തോട്‌ അശോകവനം കല്ലുപുരയ്‌ക്കകത്ത്‌ പ്രവീണ്‍ (37) ആണ്‌ മരിച്ചത്‌. ജീവനൊടുക്കിയതാണെന്നു പോലീസ്‌ പറഞ്ഞു. ശരീരത്തില്‍ കത്തികൊണ്ടു മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇതിനാല്‍ കൊലപാതകമാണെന്നു സംശയിച്ചിരുന്നെങ്കിലും പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്നു കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെയാണ്‌ പ്രവീണിനെ കുത്തേറ്റ നിലയില്‍ കാരിത്തോട്ടിലെ വീടിനു മുമ്പില്‍ കണ്ടെത്തിയത്‌. വീട്ടുമുറ്റത്തു കുത്തേറ്റ്‌ കിടക്കുന്ന നിലയില്‍ പിതാവ്‌ ഔസേപ്പച്ചനാണ്‌ ആദ്യം കണ്ടത്‌. സ്‌ഥിരമായി മദ്യപിച്ചു ബഹളമുണ്ടാക്കുമായിരുന്ന പ്രവീണ്‍, സംഭവത്തിനു തലേന്ന്‌ രാത്രിയിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നു പിതാവ്‌ ബന്ധുവീട്ടിലാണ്‌ രാത്രിയില്‍ കഴിഞ്ഞത്‌. രാവിലെ വീട്ടിലെത്തിയപ്പോഴാണ്‌ മരിച്ചനിലയില്‍ കിടക്കുന്നതു കണ്ടതെന്നു ഔസേപ്പച്ചന്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞു.
എന്നാല്‍, എത്തിയ സമയവും ബന്ധുക്കള്‍ പറഞ്ഞ സമയവും തമ്മില്‍ വ്യത്യാസമുണ്ടാവുകയും ഔസേപ്പച്ചനെ പ്രാഥമികമായി ചോദ്യംചെയ്‌തതില്‍ പൊരുത്തം ഇല്ലാതിരിക്കുകയും ചെയ്‌തതിനെത്തുടര്‍ന്നു കൊലപാതകമെന്ന സംശയത്തിലായി പോലീസ്‌. തുടര്‍ന്നു പിതാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു വീണ്ടും ചോദ്യംചെയ്‌തു. അതിനുശേഷം മൃതദേഹത്തില്‍ നടത്തിയ പോലീസിന്റെ പരിശോധനയിലാണ്‌ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്‌.
പ്രവീണ്‍ തുടര്‍ച്ചയായി മാനസിക വിഭ്രാന്തി കാണിക്കുകയും മദ്യപിച്ചു വഴക്കുണ്ടാക്കുകയും ചെയ്‌തിരുന്ന ആളാണ്‌. മുമ്പും ഇയാള്‍ ആത്മഹത്യാ പ്രവണത പുലര്‍ത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു. കഴുത്തില്‍ ആദ്യം രണ്ടു മുറിവുണ്ടാക്കുകയും തുടര്‍ന്ന്‌ ആഴത്തില്‍ കുത്തുകയുമായിരുന്നെന്നാണ്‌ പോലീസിന്റെ നിഗമനം.
കഴുത്തിനും വയറിനുമാണ്‌ കുത്തേറ്റത്‌. വയറില്‍ ആഴത്തില്‍ നാലോളം കുത്തേറ്റിട്ടുണ്ട്‌. വന്‍കുടലും ചെറുകുടലും പുറത്തേക്കു ചാടിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോയെങ്കിലും മയിലാടുംപാറയ്‌ക്കു സമീപമെത്തിയപ്പോള്‍ മരണമടഞ്ഞു.
മൃതദേഹം നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍. ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.