ജെയ്സ് ടോം അനുസ്മരണവും സയൻസ് ക്വിസ് മത്സരങ്ങളും നടത്തി

ജെയ്സ് ടോം അനുസ്മരണവും സയൻസ് ക്വിസ് മത്സരങ്ങളും നടത്തി       
ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004- 2007 ബാച്ചിലെ ബിഎസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥം എംജി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, ഫിസിക്സ് പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി കോളേജിൽ വെച്ച് ജെയ്സ് ടോം അനുസ്മരണവും ജെയ്സ്ടോം മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങളും നടത്തി. 
ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പൾ ജോയിക്കുട്ടി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആർ അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ. കെ.വി. ദേവദാസ്  മുഖ്യ പ്രഭാഷണം നടത്തി. ഫിസിക്സ് വിഭാഗം മേധാവി സി.വി. സന്ധ്യ, കോളേജ് സൂപ്രണ്ട് എൻ. സത്യാനന്ദൻ, ക്വിസ് മാസ്റ്റർ വി.എം. പ്രണവ് ചന്ദ്രൻ, അരുൺകുമാർ, പി.വി.  ബിനോയി, പി.വി. നവജ്യോത്  എന്നിവർ പ്രസംഗിച്ചു. 
ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വിവിധ സ്കൂളുകളിൽ നിന്നായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇരുപത്തി നാല് ടീമുകളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മുപ്പത്തി മൂന്ന് ടീമുകളും ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചേലോറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം - വെളിമാനം ഹയർ സെക്കണ്ടറി സ്കൂളും മൂന്നാം സ്ഥാനം ഇരിക്കൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കൂത്ത് പറമ്പ് ഹൈസ്കൂളും രണ്ടാം സ്ഥാനം  മണത്തണ  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മൂന്നാം സ്ഥാനം അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും നേടി. വിജയികൾക്ക് ഉപഹാരങ്ങളും കേഷ് അവാർഡുകളും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും  വിതരണവും  ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.  
2004- 07 വർഷ ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയ്സ് ടോം 2012 ൽ മദ്രാസ് ഐഐടിയിൽ  ഗവേഷക പഠനം നടത്തുകയായിരുന്ന കാലയളവിലാണ്  അപകടത്തെ തുടർന്ന് മരണപ്പെട്ടത്. 2013 മുതൽ കോളേജ്  ഫിസിക്സ് വിഭാഗവും ഫിസിക്സ് പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് എല്ലാ വർഷവും ജെയ്സ് ടോമിൻ്റെ അനുസ്മരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി വരാറുണ്ട്. ക്വിസ് മത്സരങ്ങളുടെ ഭാഗമായി കോളേജ് തല ക്വിസ് മത്സരങ്ങൾ കൂടി ഉടൻ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൾ അറിയിച്ചു.