കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്നും പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സിവില്‍ കോഡ് വന്നിരിക്കും. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി പദയാത്രക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. കേരളത്തിലെ അധമ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.