നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്; ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍; വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം


നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്; ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍; വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചേക്കും. നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ സഭ വിട്ടിറിങ്ങിയ ഗവര്‍ണറുടെ അസാധാരണ നടപടിയെ ശക്തമായി വിമര്‍ശിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുമണിക്കൂറോളം നീണ്ട് നില്‍ക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടും 17 സെക്കന്റിലും ഒതുക്കിയ ഗവര്‍ണറുടെ നടപടിയാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്.

അതേസമയം ഗവര്‍ണറെയും, സര്‍ക്കാരിനെയും ഒരുപോലെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളിയാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആര്‍.ഒ.സി റിപ്പോര്‍ട്ട് വരെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നയപ്രഖ്യാപന പ്രസംഗത്തിനായി സഭ സമ്മേളിക്കുക. ബുധനാഴ്ച്ച വരെയാണ് നയപ്രഖ്യാപന ചര്‍ച്ചകള്‍ നടക്കുക. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കി വെച്ചിട്ടുള്ളത്. തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് സംസ്ഥാന ബജറ്റും പ്രഖ്യാപിക്കും.