മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം

മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യംകോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു ബോംബെ ജയന്തി ട്രെയിനിൽ നിന്നും വീണ് അപകടമുണ്ടായത്.

സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. എങ്കിലും വേഗത്തിൽ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.

എന്നാൽ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ കാണാതായതോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും, ഇവിടെയും കാണാതായതോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിലും വിളിച്ചിട്ടും
ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതോടെ ഇവർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിന് ഉണ്ടായ അപകടവും മനസ്സിലാക്കിയത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഈസ്റ്റ് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. കോട്ടയം സ്റ്റാർ ജംഗഷനിലെ ആദം ടവറിൽ പ്രവർത്തിക്കുന്ന ഇടശ്ശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണ് പിതാവ്. സോളിയാണ് മാതാവ് ..സഹോദരൻ സന്ദീപ് (യു.കെ)