ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നുവെന്ന ശുഭ വാർത്തയാണ് പുറത്തുവരുന്നത്. ചന്ദ്രനെ ചുറ്റുന്ന നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിച്ചു, ശബ്ദം മുഴക്കി. നാസയുടെ പേടകത്തിലെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിനും (Lunar Reconnaissance Orbiter-LRO) വിക്രം ലാൻഡറിലെ ഉപകരണത്തിനുമിടയിൽ ലേസർ ബീം പ്രക്ഷേപണം ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്തു. ചന്ദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ വിക്രം ലാൻഡറിലെ എൽഐആർഒ സഹായിക്കുന്നുവെന്ന് നാസ വ്യക്തമാക്കി. ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം വിക്രം ലാൻഡർ നിലനിൽക്കുമെന്ന് ഇതോടെ ഉറപ്പായി.

എൽആർഒയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് വിക്രം ലാൻഡർ. മാൻസിനസ് ​ഗർത്തത്തിന് സമീപത്താണ് ലാൻഡർ നിലയുറപ്പിച്ചിരിക്കുന്നത്. ഇത്രയധികം ദൂരത്ത് നിന്നാണ് എൽആർഒ ലേസർ രശ്മി അയച്ചത്. ഇതിന് പിന്നാലെ വിക്രം ലാൻഡറിൽ രശ്മി പതിച്ചു. ഇതോടെ ബഹിരാകാശ മേഖലയിലെ പുത്തൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.

ഒരു വസ്തുവിന് നേരെ ലേസർ രശ്മികൾ അയയ്‌ക്കുകയും പ്രകാശം തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്ന് അളക്കുകയും ചെയ്യുന്നതിന് ഉപയോ​ഗിക്കുന്ന സംവിധാനമാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന മാർ​ഗമാണിത്. ഇതിന് നേർ വിപരീതമായ പരീക്ഷണമാണ് വിക്രം ലാൻഡറിൽ എൽആർഒ നടത്തിയത്. ചലിക്കുന്ന ബഹിരാകാശ പേടകത്തിൽ നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മികൾ അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞത് ചന്ദ്രനിൽ കൂടുതൽ പര്യവേക്ഷണങ്ങൾക്ക് പാഠമാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

നാസയുടെ ഏറ്റവും ചെറുതും എന്നാൽ കരുത്തനുമായ റിട്രോ റിഫ്ലക്ട്രറാണ് എൽആർഒ എന്ന ലേസർ റിട്രോറിഫ്ലെക്ടർ അറേ. അഞ്ച് സെൻ്റീമീറ്റർ മാത്രമാണ് ഇതിന്റെ വീതി. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകൾ ഉണ്ട്. ഏത് ദിശയിൽ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകൃതി. പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമില്ല. അതിനാൽ കാലങ്ങളോളം നിലനിൽക്കും