സുല്‍ത്താന്‍ബത്തേരി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വനഗ്രാമമായ ചേകാടിയിലേക്ക് കാറില്‍ പോകവെ വനപാതയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികര്‍ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവവും ഇതേ പാതയിലാണ് ഉണ്ടായത്. ചേകാടിയിലേക്കുള്ള വഴികളെല്ലാം വനപാതകളായതിനാല്‍ വാഹനങ്ങളില്‍ പോലും ഭീതിയോടെയല്ലാതെ ഇവിടേക്ക് ഇപ്പോള്‍ യാത്ര സാധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.