ഗ്യാൻവാപിയും ഈദ്ഗാ മസ്ജിദും തകർക്കപ്പെട്ടേക്കാം, സംരക്ഷണത്തിന് യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ

ഗ്യാൻവാപിയും ഈദ്ഗാ മസ്ജിദും തകർക്കപ്പെട്ടേക്കാം, സംരക്ഷണത്തിന് യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻഇസ്ലാമാബാദ്: ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്ഥാൻ. യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രമാണ് ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യയിലെ ഇസ്ലാമിക് പെെതൃക കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തിയിരിക്കുന്നത്.

നേരത്തെ, അയോധ്യയിലെ ക്ഷേത്രത്തിൽ ശ്രീരാമ പ്രതിഷ്ഠയോട് അനുബന്ധിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് 1992 ഡിസംബർ 6 ന് ഭ്രാന്ത് പിടിച്ച ജനക്കൂട്ടം തകർത്തതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ഉൾപ്പെടെ വെറുതെ വിട്ടതും അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയതും അപലപനീയമാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം യുഎൻ അലയൻസ് ഓഫ് സിവിലൈസേഷൻ്റെ ഉയർന്ന ഉദ്യോഗസ്ഥനായ മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസിനെ അഭിസംബോധന ചെയ്തുകൊണ്ട് മുനീർ അക്രം ഒരു കത്ത് അയച്ചിരുന്നു എന്ന് പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റ് ‘ദ ഡോൺ’ പറയുന്നു. ഇന്ത്യയിലെ അയോധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം രാമക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കുന്നതിനെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു എന്നാണ് ഈ കത്തിൽ പറഞ്ഞിരിക്കുന്നത്. ഈ പ്രവണത ഇന്ത്യൻ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ക്ഷേമത്തിനും മേഖലയിലെ ഐക്യത്തിനും സമാധാനത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യുഎന്നിലെ പാകിസ്ഥാൻ പ്രതിനിധി തൻ്റെ കത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഞാൻ ഈ കത്ത് എഴുതുന്നതെന്ന് മുനീർ അക്രം യുഎന്നിന് അയച്ച കത്തിൽ പറയുന്നു. ഇസ്‌ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിലും ഇന്ത്യയിലെ മത-സാംസ്‌കാരിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിലും ഐക്യരാഷ്ട്രസഭ ഒരു പ്രധാന പങ്ക് വഹിക്കണമെന്നാണ് കത്തിലെ ആവശ്യ.

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ഇന്ത്യയിലെ പള്ളികൾ തകർക്കാനുള്ള ശ്രമങ്ങളെയും മതപരമായ വിവേചനത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കത്തിൽ മുനീർ അക്രം ചൂണ്ടിക്കാണിക്കുന്നത്. വിഷയം ബാബറി മസ്ജിദിന് അപ്പുറത്തേക്ക് നീങ്ങിക്കഴിഞ്ഞുവെന്നും ഇന്ത്യയിലെ മറ്റ് പള്ളികളും സമാനമായ ഭീഷണി നേരിടുന്നുവെന്നും കത്തിൽ പറയുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മുനീർ അക്രം പറഞ്ഞു. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പള്ളികളും നശീകരണ ഭീഷണി നേരിടുന്നുവെന്നും പ്രസ്തുത കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.