ശൗര്യയും പോയി; കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി




ശൗര്യയും പോയി; കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി


ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച്ച പുലർച്ചയോടെ അവശ നിലയിൽ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി.

2022 ൽ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 8 ചീറ്റകള്‍ നമീബിയയിൽ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്. ഏറ്റവും ഒടുവിൽ ചത്ത ചീറ്റ ശൌര്യയുടെ മരണ കാരണം  പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. 10ല്‍ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്. 

2024 ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് നമീബിയൻ ചീറ്റ ശൗര്യ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റര്‍ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തിയിരുന്നു. ചീറ്റ സിപിആറിനോട് പ്രതികരിച്ചില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റര്‍ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. 

1952ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. അതിനാലാണ് 2022ൽ വിദേശത്ത് നിന്ന് 20 ഓളം ചീറ്റകളെ കുനോ പാർക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റകളെ രണ്ട് ബാച്ചുകളായാണ് ഇറക്കുമതി ചെയ്തത്. നമീബിയയില്‍ നിന്ന് 2022ലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 2023ലുമാണ് ചീറ്റകളെ കൊണ്ടുവന്നത്. ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മറ്റൊരു കൂട്ടം ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് പ്രോജക്ട് ചീറ്റ ഹെഡ് എസ്പി യാദവ് നേരത്തെ അറിയിക്കുകയുണ്ടായി.