സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് ; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍

സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് ; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍


തിരുവനന്തപുരം: കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങി സാധാരണക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്നും 50 ലക്ഷം പേരെയാണ് അഞ്ചുമാസമായി മുടങ്ങിയിരിക്കുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയത് ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നത് വരെ സഭയില്‍ ഇരിക്കില്ലെന്ന നിലപാട് എടുത്ത് പ്രതിപക്ഷം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ ചൊല്ലിയുണ്ടായ ബഹളത്തില്‍ നിയമസഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തുപോയി.

അഞ്ചുമാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് ചെകിട്ടപ്പാറ സ്വദേശിയായ ഭിന്നശേഷിക്കാരന്‍ ജോസഫ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുമാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജോസഫിനെ സര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും പറഞ്ഞു. നേരത്തേ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലൂം അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അതിനു ശേഷമായിരുന്നു ഇറങ്ങിപ്പോകല്‍. ക്ഷേമപെന്‍ഷന്‍ പുനരാരംഭിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് 50 ലക്ഷം പേരാണ് ഇതിന്റെ ദുരിതം പേറുന്നതെന്നും പറഞ്ഞു.

പാവപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്ന രീതിയില്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ സര്‍ക്കാരിന് മുന്‍ഗണന ആര്‍ഭാടവും ധൂര്‍ത്തുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന പച്ചക്കള്ളമാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ തവണ നടത്തിയത്. മൂന്ന് മാസം മാത്രമാണ് മുടങ്ങിയത്. അതൊരു സാങ്കേതിക പ്രശ്‌നം മാത്രമായിരുന്നു. അതല്ലാതെ ഒരു മാസം പോലും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. ഈ സര്‍ക്കാര്‍ നല്‍കിയ രേഖകളില്‍ നിന്നു തന്നെ അത് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ജോസഫ് 15 ദിവസം മുമ്പ് പഞ്ചായത്തില്‍ കത്തു നല്‍കിയതാണെന്നും ഭാര്യ മരിച്ച ഇയാളുടെ മകളും ഭിന്നശേഷിക്കാരിയായ രോഗിയാണ്. ഇവരുടെ വരുമാനമാര്‍ഗ്ഗം പെന്‍ഷനായിരുന്നു. ഒരു ചായ കുടിക്കണമെങ്കില്‍ 80 രൂപ ഓട്ടോക്കൂലി കൊടുത്ത്ു വേണം ജംഗ്ഷനില്‍ എത്താന്‍. മരുന്നിന്റെ കുറിപ്പടിയിലായിരുന്നു ഇയാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതേസമയം മന്ത്രി അയാളെ അപമാനിക്കുന്ന രീതിയില്‍ നിയമസഭയില്‍ സംസാരിക്കുകയാണ്. മുമ്പ് മറിയക്കുട്ടിയുടെ കാര്യത്തില്‍ സിപിഎം വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടത്തി. എന്നാല്‍ ഒടുവില്‍ ദേശാഭിമാനിക്ക് മറുപടി പറയേണ്ടി വന്നു.

അഞ്ചുമാസം തുടര്‍ച്ചയായി പെന്‍ഷന്‍ കൊടുത്തിട്ടില്ല. ആള്‍ക്കാര്‍ കടത്തിലാണ്. ആളുകള്‍ അപമാനത്താല്‍ തലകുനിച്ചാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ മൂന്‍ഗണന എന്താണ് പാവപ്പെട്ട 50 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുകയാണോ അതോ ഉച്ചക്കഞ്ഞിക്ക് പണം കൊടുക്കുകയാണോ. അതോ കേരളീയം നടത്തുന്നതിലും മുഖ്യമന്ത്രിയുടെ വീട് നവീകരിക്കുന്നതിലുമാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇനി ഇത്തരം ആത്മഹത്യ ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ 50 ല്‍ക്ഷം പാവങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഭരണപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണറുടേത് പക്വതയില്ലാത്ത പ്രതികരണമെന്നായിരുന്നു ആരോപിക്കപ്പെട്ടത്.