കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ 13 കോടി തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ 13 കോടി തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു


കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാട് വഴി 13 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതി കണ്ണൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
  


2019ല്‍ സമൂഹമാധ്യമത്തിൽ കണ്ട പരസ്യത്തെ തുടര്‍ന്നായിരുന്നു വാരം സ്വദേശിയായ യുവാവ് ക്രിപ്റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചുതുടങ്ങിയത്.

വാരം സ്വദേശിയെ ഫോണില്‍ ബന്ധപ്പെട്ട ജംഷീര്‍, എ കെ നജ്മല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറിന്‍ ട്രേഡിങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. കണ്ണൂരിലെ സാറ എഫ് എക്സെന്ന കമ്പനിയിലും മറ്റൊരുകമ്പനിയിലും ഫോറിന്‍ ട്രേഡിങില്‍ പണം നിക്ഷേപിക്കാന്‍ നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെടുകയായിരുന്നുവെത്രെ. തുടര്‍ന്ന് വാരം സ്വദേശിയില്‍ നിന്നും ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നുമായി പ്രതികള്‍ പതിമൂന്ന് കോടിയാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചു തട്ടിയെടുത്തത്. തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്ന് വാരം സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.