പൊന്നുപോലെ നോക്കി, പക്ഷെ കയ്യബദ്ധം, മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷയ്ക്ക് ഒരേയൊരു വഴി, 1.5 കോടി റിയാൽ


പൊന്നുപോലെ നോക്കി, പക്ഷെ കയ്യബദ്ധം, മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷയ്ക്ക് ഒരേയൊരു വഴി, 1.5 കോടി റിയാൽ


റിയാദ്: കൈയ്യബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവാവിന് ദിയാധനമെന്ന ഉപാധിയിന്മേൽ വധശിക്ഷ ഒഴിവാക്കി മോചനം നൽകാമെന്ന് സൗദി കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ കേസിലാണ് 1.5 കോടി റിയാൽ (33 കോടിയിലധികം രൂപ) നൽകിയാൽ മാപ്പ് നൽകാമെന്ന് മരിച്ച ബാലെൻറ ബന്ധുക്കളുടെ തീരുമാനം എംബസി റഹീമിെൻറ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സൗദി വിദേശ മന്ത്രാലയം, സൗദി കുടുംബത്തിെൻറ അഭിഭാഷകൻ എന്നിവരിൽനിന്നും എംബസിക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ റഹീമിെൻറ മോചനത്തിനായുള്ള നീക്കങ്ങൾ ഊർജിതമാക്കാൻ നാട്ടിലും റിയാദിലും പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയും റിയാദിലെ പ്രവാസിസമൂഹവും തീരുമാനിച്ചു. ഞായറാഴ്ച്ച വൈകീട്ട് 7.30ന് റിയാദിലെ മലയാളി സമൂഹത്തിെൻറ വിപുലമായ യോഗം ബത്ഹയിലെ അപ്പോളോ ഡി പാലസ് ഹോട്ടലിൽ ചേരും.

16 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിെൻറ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് വലിയ തുകയാണ്. 1.5 കോടി റിയാൽ സ്വരൂപിക്കണം. 33 കോടിയിലധികം ഇന്ത്യൻ രൂപക്ക് തുല്യമായ തുകയാണത്. വധശിക്ഷ നടപ്പാക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും റിയാദിലെ റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിെൻറ ഫലമായാണ് വൻ തുക ആവശ്യപ്പെട്ടിട്ടാണെങ്കിലും മാപ്പ് നൽകാൻ മുന്നോട്ട് വന്നത്. കേസുമായി ബന്ധപ്പെട്ട് നാട്ടിൽ അക്കൗണ്ട് തുറക്കുന്ന നടപടികൾ നാട്ടിലെ സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിൽ ഉടൻ പൂർത്തിയാകും. റിയാദിലും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് തുടർ നടപടിയിലേക്ക് ഉടൻ കടക്കാനാവും എന്നാണ് കരുതുന്നത്.

2006 നവംബർ 28-ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു ബാലൻ. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു.2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിൽ സഞ്ചരിക്കുേമ്പാൾ അബ്ദുറഹീമിെൻറ കൈ അബദ്ധത്തിൽ ബാലെൻറ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി ബോധരഹിതനാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊലപാതക കേസിൽ പൊലീസ് അബ്ദുറഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. ഇത്രും വർഷത്തിനിടയിൽ കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല.

നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് അഭിഭാഷകരെയാണ് ഇക്കാലയളവിൽ നിയോഗിച്ചിരുന്നത്. സൗദി പ്രമുഖരെ കൂടാതെ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ. യൂസഫലിയും സംഭവത്തിൽ ഇടപെട്ടിരുന്നു. വധശിക്ഷ എന്ന ഒറ്റ നിലപാടിൽ ഉറച്ചുനിന്ന കുടുംബം ദിയാധനമെന്ന ഉപാധിയിൽ മാപ്പ് നൽകാൻ തയ്യാറായത് പ്രതീക്ഷക്ക് വകനൽകിയിട്ടുണ്ട്. അബ്ദുറഹീം റിയാദിലെ അൽ ഹൈർ ജയിലിലാണ് കഴിയുന്നത്.