ബസിന് കൈകാണിച്ചു, നിർത്തിയപ്പോൾ കൈയിൽ കരുതിയ കല്ലെടുത്ത് ഒരേറ്; കാര്യമറിയാതെ ജീവനക്കാരും യാത്രക്കാരും

ബസിന് കൈകാണിച്ചു, നിർത്തിയപ്പോൾ കൈയിൽ കരുതിയ കല്ലെടുത്ത് ഒരേറ്; കാര്യമറിയാതെ ജീവനക്കാരും യാത്രക്കാരും 


തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിനുനേരേ കല്ലെറിഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. കല്ലൂര്‍-ആനന്ദപുരം വഴി ഇരിങ്ങാലക്കുടയിലേക്ക് വരുന്ന ഷാലോം എന്ന ബസിന് നേരേയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്റ്റ് കോളജ് എത്തുന്നതിന് മുമ്പായി വഴിയരികില്‍ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയ കല്ല് ബസിന്റെ മുന്‍വശത്തെ ചില്ലിന് നേരേ എറിയുകയും തൊട്ടടുത്ത് തന്നെ ബൈക്കില്‍ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് പോവുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കുട്ടികളാണ് ബസിന് മുന്‍വശത്ത് ഇരുന്നിരുന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം അക്രമികള്‍ ഇടറോഡിലൂടെയാണ് ബൈക്ക് ഓടിച്ച് പോയത്. ഈ പ്രദേശത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.