വില കുത്തനെ മുകളിലേക്ക്; ചാക്ക് കണക്കിന് വെളുത്തുള്ളി മോഷണം പോകുന്നെന്ന പരാതിയുമായി കര്‍ഷകര്‍

വില കുത്തനെ മുകളിലേക്ക്; ചാക്ക് കണക്കിന് വെളുത്തുള്ളി മോഷണം പോകുന്നെന്ന പരാതിയുമായി കര്‍ഷകര്‍ 

നേരത്തെ തക്കാളിയ്ക്കും ഉള്ളക്കും ഉണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍ വെളുത്തുള്ളി. ഏതാനും ആഴ്ചകളായി ഇന്ത്യയിൽ വെളുത്തുള്ളിയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് മുതലാക്കി വൻതോതിൽ വെളുത്തുള്ളി ചാക്കുകൾ മോഷണം പോകുന്നതായി കർഷകരുടെ പരാതി. മധ്യപ്രദേശ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കർഷകരുടെ തോട്ടങ്ങളിൽ നിന്നുമുള്ള വെളുത്തുള്ളി മോഷണം പതിവായിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാലവർഷക്കെടുതിയും മണ്ണിമന്‍റെ ഗുണനിലവാരം കുറഞ്ഞ് മൂലമുണ്ടായ കൃഷിനാശം വെളുത്തുള്ളി ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കി. ഉത്പാദനം കുറഞ്ഞതോടെ വില കുത്തനെ കയറി. ഇതിനിടെയാണ് ഉള്ള വിളവുകള്‍ മോഷ്ടാക്കള്‍ കൊണ്ട് പോകുന്നത്.

ഉജ്ജയിനിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ വിളവെടുപ്പ് കഴിഞ്ഞ് വിപണിയിൽ എത്തിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന അഞ്ച് ചാക്ക് വെളുത്തുള്ളിയാണ് മോഷണം പോയത്. രാത്രി പത്തു മണിവരെ കർഷകർ കൃഷിയിടത്തിൽ കാവൽ നിന്നിരുന്നുവെങ്കിലും അർദ്ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യപ്രദേശിൽ മാത്രമല്ല, അഹമ്മദാബാദിൽ നിന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. ഒരു കാർഷിക ഉൽപന്ന, മാർക്കറ്റ് കമ്മിറ്റിയുടെ ഗോഡൗണില്‍ നിന്നാണ് മോഷണം നടന്നത്. ഇവിടെ നിന്ന് മോഷ്ടാക്കൾ 14 ചാക്ക് വെളുത്തുള്ളിയാണ് മോഷ്ടിച്ചത്. മൊത്തവിപണിയിൽ 35,000 രൂപ വിലവരുന്ന 140 കിലോഗ്രാം വെളുത്തുള്ളിയാണ് മോഷണം പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.