നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ വൻ മോഷണം; ബാക്കിവെച്ചത് ലോറി മാത്രം

നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ വൻ മോഷണം; ബാക്കിവെച്ചത് ലോറി മാത്രം


*മലപ്പുറം*: നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ മോഷണം. ലോറിയിലുണ്ടായിരുന്ന ഏഴു ടണ്ണോളം മാതളം മോഷ്ടിച്ചു. ഇന്ധന ടാങ്കിലെ ഡീസലും ഊറ്റിയെടുത്ത നിലയിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി ശനിയാഴ്ച രാത്രിയിലാണ് നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്‍റെ സുരക്ഷാ മതിലില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു.

മൈസൂരു സ്വദേശികളായ ജീവനക്കാര്‍ ചികിത്സ തേടിയ സമയത്താണ് ലോറിയില്‍ മോഷണം നടന്നത്. നിലത്ത് വീണു കിടന്ന മാതളത്തിനു പുറമേ ലോറിക്കുള്ളിലുണ്ടായിരുന്ന മാതളവും നഷ്ടമായി. ടാങ്കിലെ ഡീസലും ഊറ്റിയെടുത്തു. വാഹനത്തിന്‍റെ താക്കോലും കാണാതായി. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകട സമയത്ത് ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു.