ഇന്നലെ കർണാടക, ഇന്ന് കേരളം മാത്രമല്ല, തമിഴ്നാടും എത്തും; കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനങ്ങളുടെ പ്രതിഷേധം


ഇന്നലെ കർണാടക, ഇന്ന് കേരളം മാത്രമല്ല, തമിഴ്നാടും എത്തും; കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനങ്ങളുടെ പ്രതിഷേധം


ദില്ലി: ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണനയെന്ന ആരോപണം ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനം സമര വേദിയാകുന്നു. കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ കേരളത്തിന്‍റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവ‍ർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടിയാണ് ഇന്ന് ദില്ലിയിൽ പ്രതിഷേധിക്കുക. ഇന്നലെ കർണാടക സർക്കാരും സമാന വിഷയമുയർത്തി ദില്ലിയിൽ പ്രതിഷേധം നടത്തിയിരുന്നു.


തമിഴ്നാടിന്‍റെ പ്രതിഷേധം ഇങ്ങനെ

കേന്ദ്ര അവഗണനയ്ക്കെതിരെ തമിഴ്നാട്ടിലെ ഡി എം കെ സഖ്യമാണ് ദില്ലിയിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ചാകും പ്രതിഷേധം. 8 ജില്ലകളിലെ പ്രളയക്കെടുത്തിയിൽ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും അവഗണിച്ചതിൽ ആണ് പ്രതിഷേധം ഉയർത്തുന്നത്. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞെന്നും ഡി എം കെ ആരോപിക്കുന്നുണ്ട്.

ഇന്നലെ കർണാടകയുടെ പ്രതിഷേധം

ജന്തർമന്തറിൽ ഇന്നലെ നടന്ന പ്രതിഷേധ ധർണ്ണയിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും  ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമടക്കമുള്ളവർ പങ്കെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേരള സർക്കാരിന്‍റെ സമരത്തിന് പൂർണ്ണ പിന്തുണയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിക്കാണ് അവസാനിച്ചത്. കോൺഗ്രസിന്‍റെ  കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്‍റെ  ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരമിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റേയും നേതൃത്ത്വത്തിൽ കോൺ​ഗ്രസിന്‍റെ  135 എം എൽ എമാർ, 30 എം എൽ സിമാർ, 5 എം പിമാർ എന്നിവരടക്കം ഇരുന്നൂറോളം നേതാക്കൾ സമരത്തിൽ പങ്കെടുത്തു.