സർവ മത സൗഹാർദ്ദ വേദിയായി പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന ഉത്സവ കൊടിയേറ്റ്

പേരാവൂർ : മേൽമുരിങ്ങോടി പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന ഉത്സവ കൊടിയേറ്റ് ഇക്കുറി സർവമത സൗഹാര്‍ദ വേദിയായി. മേഖലയിലെ വിവിധ മുസ്ലീം പള്ളികളിലെയും ക്രിസ്ത്യന്‍ പള്ളികളിലേയും പ്രതിനിധികളെ സാക്ഷിയാക്കിയാണ് ഇത്തവണ തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റിയത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന കാലത്ത് മടപ്പുര കമ്മിറ്റിയുടെ ഈ തീരുമാനം പുതു തലമുറക്കുള്ള സന്ദേശമായി മാറി.പുരളിമല മുത്തപ്പന്‍ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ.മോഹന്‍ദാസ് കൊടിയേറ്റ് നടത്തി.തുടര്‍ന്ന് നടന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഇര്‍ഫാനി,അബ്ദുള്‍ ഹമീദ് മിസ്ബാഹി, പേരാവൂർ മഹല്ല് ഖജാഞ്ചി പൂക്കോത്ത് അബൂബക്കർ, വൈസ്. പ്രസിഡന്റ് പൊയിൽ ഉമ്മർ ഹാജി, മുരിങ്ങോടി മഹല്ല് സെക്രട്ടറി പി.പി.ഷമാസ്,
മേൽമുരിങ്ങോടി സെയ്ൻറ് മേരീസ് പള്ളി പ്രതിനിധി മത്തായി ഏറത്ത്, ഷിനോജ് നരിതൂക്കില്‍,പി. പുരുഷോത്തമൻ,അഷറഫ് ചെവിടിക്കുന്ന്,വി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.