മാക്കൂട്ടം ചുരത്തിൽ മാലിന്യം തള്ളാനെത്തിയ ലോറി കർണ്ണാടക വനപാലകർ പിടികൂടി

മാക്കൂട്ടം ചുരത്തിൽ മാലിന്യം തള്ളാനെത്തിയ ലോറി കർണ്ണാടക വനപാലകർ പിടികൂടി


ഇരിട്ടി:  മാക്കൂട്ടം ചുരത്തിൽ മാലിന്യം തള്ളാനെത്തിയ ലോറി കർണ്ണാടക വനപാലകർ പിടികൂടി പിഴയീടാക്കി. കേരളത്തിൽ നിന്നും നിറയെ മാലിന്യവുമായെത്തിയ തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് വനപാലകർ പിടികൂടി 15000 രൂപ  പിഴയീടാക്കിയ ശേഷം കേരളത്തിലേക്ക് തിരിച്ചയച്ചത്. 
മുൻപും നിരവധി തവണ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യം വാഹനങ്ങളിൽ കയറ്റി ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽപ്പെടുന്ന   ഈ വനപാതയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് നിത്യ സംഭവമായിരുന്നു. ഇതിനെത്തുടർന്ന് ഡ്രൈവർമാരെ അടക്കം ലോറിയിലുണ്ടാകുന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുക ഉൾപ്പെടെയുള്ള  കർശന നടപടിയുമായി കർണ്ണാടക   വനപാലകർ മുന്നോട്ട് വന്നതോടെ ഏറെക്കാലം ഇതിനു ശമനമുണ്ടായിരുന്നു. ഇതിനു അൽപ്പം അയവു വന്നതോടെയാണ് വീണ്ടും ചിലർ മാലിന്യവുമായി എത്തുന്നത്. 
കണ്ണൂരിൽ സ്പെയർ പാർട്‌സ് ഇറക്കാൻ എത്തിയ കണ്ടെയ്‌നർ ലോറിയിൽ ഇടനിലക്കാരൻ മുഖേന 2000 രൂപ പ്രതിഫലം നൽകി മാക്കൂട്ടത്തിനും പെരുമ്പാടിക്കും ഇടയിൽ പാതയോര വനം മേഖലയിൽ മാലിന്യം തള്ളാനായിരുന്നു നിർദേശിച്ചതെന്നു ജീവനക്കാർ മൊഴി നൽകിയതായി കർണാടക വനപാലകർ അറിയിച്ചു. കഴിഞ്ഞ ദിവസം പകൽ 10 മണിയോടെ മൈസൂരിലേക്ക് മടങ്ങുന്ന ലോറി എന്ന നിലയിൽ രേഖകൾ കാണിച്ചു വനം ചെക്ക് പോസ്‌റ്റ് പിന്നിട്ടതാണ് ലോറി. വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ദുർഗന്ധം വന്നതിനെ തുടർന്നു മാക്കൂട്ടം സെക്ഷൻ ഫോറസ്‌റ്റർ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് എത്തി തുറന്നു പരിശോധിച്ചപ്പോൾ ചാക്കിലാക്കിയ നിലയിൽ ലോറി നിറയെ പ്ലാസ്‌റ്റിക് മാലിന്യവും കോഴി വേസ്റ്റും കണ്ടെത്തുകയായിരുന്നു. പിഴയീടാക്കി കർശന നിബന്ധനകളോടെ ഡ്രൈവറെയും ക്ളീനറെയും വനം വകുപ്പധികൃതർ കേരളത്തിലേക്ക്  തിരിച്ചു വിടുകയായിരുന്നു.