‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ; ഇനി ഭക്ഷണം ഒറ്റ ക്ലിക്കിൽ മുന്നിലെത്തും

‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ; ഇനി ഭക്ഷണം ഒറ്റ ക്ലിക്കിൽ മുന്നിലെത്തും



രുചികരമായ ഭക്ഷണം ഒറ്റ ക്ലിക്കിൽ പാഴ്സലായി മുന്നിലെത്തിക്കുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വരുന്ന മാർച്ച് അഞ്ചിന് തിരുവനന്തപുരം ചൈത്രത്തിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

ക്ലൗഡ് കിച്ചൻ സംവിധാനത്തിലൂടെ ശ്രീകാര്യത്താണ് ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ‘പോക്കറ്റ് മാർട്ട്’ എന്ന ആപ്പ് വഴിയാണ്‌ പദ്ധതി വഴി ഭക്ഷണം ലഭ്യമാക്കുക. ആരംഭ ദിനമായ മാർച്ച് അഞ്ചു മുതൽ 500 പേർക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും.

വിവിധ സ്ഥാപനങ്ങളിൽ ഉള്ളവർക്കും ഓഫീസുകളിൽ ഉള്ളവർക്കും ‘പോക്കറ്റ് മാർട്ട്’ ആപ്പ് വഴി ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും. മറ്റ് ഓൺലൈൻ ഫുഡ് സർവീസുകളിൽ ലഞ്ച് ബെല്ലിനെ വ്യത്യസ്തമാക്കുന്നത് ഇവർ ഭക്ഷണം എത്തിക്കുന്നതിന് സ്റ്റീൽ ലഞ്ച് ബോക്സുകൾ ആണ് ഉപയോഗിക്കുന്നത് എന്നതിനാലാണ്.

8 വനിതകളാണ് ഇതിനായി തയ്യാറായിട്ടുള്ളത്. പകൽ 12 മണിക്ക് ഇരുചക്രവാഹനങ്ങളിൽ ഇവർ ഓഫീസുകളിൽ ഊൺ എത്തിക്കുകയും രണ്ടോടെ പാത്രങ്ങൾ തിരികെ വാങ്ങുകയും ചെയ്യും. 60 രൂപയാണ് ഊണിന് ഈടാക്കുന്നത്. 90 രൂപ നൽകിയാൽ മീൻ ഫ്രൈ മീൻ കറിയോ കൂടി ലഭ്യമാകും. ആവശ്യമെങ്കിൽ പഴങ്ങളും കഷ്ണങ്ങളാക്കി ഊണിനൊപ്പം എത്തിച്ചു നൽകുകയും ചെയ്യും.

തലേദിവസം രാത്രി വരെ ഓർഡർ സ്വീകരിക്കും. സ്ഥിരമായി ഭക്ഷണം പാഴ്സൽ വാങ്ങുന്നവർക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ വേണമെന്ന് നിഷ്കർഷിക്കുകയോ ലഞ്ച് ബോക്സ് നൽകുകയോ ചെയ്യാമെന്ന് കുടുംബശ്രീ മിഷൻ മാർക്കറ്റിംഗ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എ എസ് ശ്രീകാന്ത് അറിയിച്ചു. പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.