കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ തലയിടിച്ചാണ് ബിൻസ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുൻവശം ഭാഗികമായും തകര്‍ന്നു.