ഹജ്ജ് യാത്രാനിരക്ക്; സ്മൃതി ഇറാനിയുടെ ഇടപെടൽ അഭിനന്ദനാർഹം : വി.മുരളീധരൻ

ഹജ്ജ് യാത്രാനിരക്ക്; സ്മൃതി ഇറാനിയുടെ ഇടപെടൽ അഭിനന്ദനാർഹം : വി.മുരളീധരൻഡൽഹി: കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ ഹജ്ജ്കാര്യ വകുപ്പ് മന്ത്രി ശ്രീമതി. സ്മൃതി ഇറാനിക്ക് മലയാളികളെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാനുള്ള തീരുമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണകാലം ന്യൂനപക്ഷങ്ങളെ എങ്ങനെ ചേർത്തു പിടിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്. ആയിരക്കണക്കിന് മലയാളി തീർഥാടകരോട് മുഖം തിരിക്കുന്ന സമീപനം പുലർത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും ന്യൂനപക്ഷങ്ങളുടെ രക്ഷകരെന്ന് വീമ്പ് പറയാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

വീണാ വിജയനെതിരായ അന്വേഷണത്തില്‍ പിണറായി വിജയന്റെ വേട്ടയാടല്‍ സിദ്ധാന്തം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭാര്യയേയും മകളേയും വേട്ടയാടുന്നവെന്ന് വിലപിച്ചിട്ട് കാര്യമില്ല. കൈ ശുദ്ധമെന്ന് മുഖ്യമന്ത്രി വെറുതേ പറഞ്ഞാല്‍ പോര. എന്ത് സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത് എന്നതിന് വ്യക്തമായ മറുപടി ഇതുവരെ നൽകാൻ ആയിട്ടില്ല. അന്വേഷണത്തിനോട് സഹകരിക്കുകയാണ് മുഖ്യമന്ത്രിയും മകളും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇനിയെങ്കിലും ബിജെപി– സിപിഎം ഒത്തുതീര്‍പ്പെന്ന ആരോപണം പ്രതിപക്ഷം പിൻവലിക്കണം. വി.ഡി.സതീശൻ പദവിയുടെ മഹത്വം ഉൾക്കൊണ്ട് പെരുമാറണമെന്നും വി.മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിൽ ഉപ്പുതിന്നവർ എല്ലാം വെള്ളം കുടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.