യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം ബാപ്സ് പൊതുജനങ്ങൾക്കായി ഇന്ന് മുതൽ തുറന്ന് നൽകും

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം ബാപ്സ് പൊതുജനങ്ങൾക്കായി ഇന്ന് മുതൽ തുറന്ന് നൽകും
അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം പൊതുജനങ്ങൾക്കായി ഇന്ന് മുതൽ തുറന്ന് നൽകും. രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണി വരെയാണ് ദർശനം അനുവദിക്കുന്നത്.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും വിഐപികൾക്കുമാണ് പ്രവേശനം അനുവദിക്കുക.

ഭാരതത്തിന്റെ സംസ്കാരവും പൈതൃകവനും വിളിച്ചോതും വിധത്തിലാണ് ക്ഷേത്ര നിർമ്മാണം. അബു മുറൈഖിയിലെ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. 108 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. പുരാണ കഥകളും കഥാപാത്രങ്ങളും ചുവരുകൾക്ക് മാറ്റുകൂട്ടുന്നു.

2,000-ത്തിലധികം കരകൗശല തൊഴിലാളികളുടെ മൂന്ന് വർഷത്തെ അദ്ധ്വാനമാണ് ഓരോ മാർബിൾ തൂണുകളിലും കാണാൻ കഴിയുന്നത്. പുരാണ ഗ്രന്ഥങ്ങൾ, ആരാധന മൂർത്തികൾ, ആത്മീയ ഗുരുക്കൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ആയിരം പ്രതിമകൾ ക്ഷേത്ര തൂണുകളിലും മേൽക്കൂരയിലും കാണാം.

യുഎഇയുടെ ഏഴ് എമറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് സ്തൂപങ്ങളുണ്ട്. സ്വാമി നാരായണൻ, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവൻ, ശ്രീകൃഷ്ണൻ, ശ്രീരാമൻ, അയ്യപ്പൻ, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളാണ് ക്ഷേത്രത്തിലുള്ളത്.

രാമന്റെയും സീതയുടെയും പ്രതിഷ്ഠയ്‌ക്കടുത്ത് രാമായണത്തിലെ പ്രസക്ത ഭാഗങ്ങളും ശിവപാർവ്വതി പ്രതിഷ്ഠയ്‌ക്ക് സമീപം ശിവപുരാണത്തിലെ പ്രസക്ത ഭാഗങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്ര ശിലകളിൽ ഒട്ടകങ്ങളുടെയും യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽകന്റെയും ചിത്രങ്ങൾ കൊത്തുപണിചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 നു ആണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.യുഎഇ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ സുവർണ അദ്ധ്യായം രചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യുഎഇക്ക് ഭവ്യവും ദിവ്യവുമായ ഹിന്ദു മന്ദിർ ലഭിക്കുമെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഏകദേശം 700 കോടി രൂപയാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണചെലവ്.18 ലക്ഷം ഇഷ്ടികകളാണ് ക്ഷേത്രം പണിയാൻ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ 402 തൂണുകൾ ഉണ്ട്. 25,000 കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിക്ക് ചുറ്റും 96 മണികളും ഗോമുഖങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വേനലിലും സഞ്ചാരികൾക്ക് നടക്കാൻ സൗകര്യപ്രദമായ നാനോ ടൈലുകളാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.