ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ കഞ്ചാവ്‌ കൃഷി : ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ കഞ്ചാവ്‌ തോട്ടത്തില്‍ ദുരൂഹത വിളയുന്നു


ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ കഞ്ചാവ്‌ കൃഷി : ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ കഞ്ചാവ്‌ തോട്ടത്തില്‍ ദുരൂഹത വിളയുന്നു


കോട്ടയം: പ്ലാച്ചേരി ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ്‌ ചെടികള്‍ വളര്‍ത്തിയെന്ന റിപ്പോര്‍ട്ടിലും തുടര്‍ നടപടികളിലും ദുരൂഹത സംശയിച്ചു വനംവകുപ്പ്‌. ഇക്കാര്യം സാധൂകരിക്കും വിധമാണ്‌ ഡി.എഫ്‌.ഒയുടെ റിപ്പോര്‍ട്ട്‌. മുമ്പു തനിക്കെതിരേ പരാതി നല്‍കിയ വനിതാ ജീവനക്കാരടക്കമുള്ളവരെ കുടുക്കാന്‍ റേഞ്ച്‌ ഓഫീസര്‍ ഇ.ബി. ജയന്‍ ഒരുക്കിയ തിരക്കഥയാണെന്നാണ്‌ സംശയം. കഞ്ചാവ്‌ വളര്‍ത്തിയെന്നു സമ്മതിച്ചു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വാച്ചര്‍ അജേഷും ജയനെതിരേ രംഗത്തെത്തി. ജയന്‍ നിര്‍ബന്ധിച്ചു മൂന്നു വെള്ളക്കടലാസുകളില്‍ ഒപ്പിട്ടു വാങ്ങിയിരുന്നതായാണ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കു വാച്ചര്‍ നല്‍കിയ പുതിയ മൊഴി.
ജയന്റെ സ്‌ഥലംമാറ്റ ഉത്തരവ്‌ പുറത്തിറങ്ങിയതിനു പിന്നാലെയാണു കഞ്ചാവ്‌ കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയതെന്നു വനം വകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. 40 ഉദ്യോഗസ്‌ഥര്‍ ജോലി ചെയ്യുന്ന ഓഫീസില്‍ കഞ്ചാവ്‌ വളര്‍ത്തിയെന്നതു വിശ്വസനീയമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഞ്ചാവ്‌ കണ്ടെത്തിയെന്നു റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും ജയന്‍ ആര്‍ക്കെതിരേയും നടപടിയെടുത്തിരുന്നില്ല. ഇതു സംശയകരമാണെന്നു ഡി.എഫ്‌.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്‌. ഫോറസ്‌റ്റ്‌ വിജിലന്‍സാണ്‌ തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്നും ഡി.എഫ്‌.ഒ. ചൂണ്ടിക്കാട്ടുന്നു.
കഞ്ചാവ്‌പരാതി റിപ്പോര്‍ട്ട്‌ ചെയ്‌ത തീയതികളിലും പൊരുത്തക്കേടുണ്ട്‌. കഴിഞ്ഞ 16ലെ തീയതി വച്ചാണ്‌ ജയന്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഈ മാസം 19നാണ്‌ ജയനെ സ്‌ഥലംമാറ്റി ഉത്തരവ്‌ വന്നത്‌. ഇതിനുശേഷം, 21ന്‌, 16-ാം തീയതി രേഖപ്പെടുത്തി റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നു. തെളിവായി കഞ്ചാവ്‌ ചെടിയുടെ ചിത്രങ്ങള്‍മാത്രമാണ്‌ ജയന്‍ നല്‍കിയത്‌. ഇതെല്ലാം ചേരുമ്പോഴാണ്‌ സംഭവത്തില്‍ അടിമുടി ദുരൂഹത സംശയിക്കുന്നത്‌. ഇക്കാര്യങ്ങളില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്നും വനംവകുപ്പ്‌ പരിശോധിക്കുന്നുണ്ട്‌.