പത്തനംതിട്ട പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് സംശയം


പത്തനംതിട്ട പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് സംശയം


പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം പട്ടാഴിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ച അപകടത്തില്‍ ദുരൂഹത. നൂറനാട് സ്വദേശി അനൂജ, ചാരുമ്മൂട് സ്വദേശി പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന പോലീസ് സംശയിക്കുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പി അടക്കം കണ്ടെടുത്തു.

ഇന്നലെ 11.30 ഓടെയായിരുന്നു അപകടം. തുമ്പമണ്‍ നോര്‍ത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപികയായിരുന്ന അനൂജ (36) സഹ അധ്യാപകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേയാണ് ഹാഷിം ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനൂജയെ ബലമായി ഇറക്കികൊണ്ടുപോകുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനാണ് ഹാഷിം. കണ്ടെയ്‌നര്‍ ലോറി വെട്ടിപ്പൊളിച്ചാണ് ഇരുവരേയും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്.

ഹാഷിമും അനൂജയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അനൂജ സഹ അധ്യാപകരോട് പറഞ്ഞതായും സൂചനയുണ്ട്. ഹാഷിമിനൊപ്പം അനൂജ പോയതില്‍ സംശയം തോന്നിയ അധ്യാപകര്‍ വിളിച്ചപ്പോള്‍ അനൂജ കരയുകയായിരുന്നുവെന്ന് പറയുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.