‘സമഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ’; കേരളീയര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

‘സമഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ’; കേരളീയര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയുംലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ”ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാര്‍പ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റര്‍” – ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങള്‍ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത് മുഖ്യമന്ത്രി പിണറായി ആശംസ സന്ദേശത്തില്‍ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതല്‍.

മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ കൊണ്ടാടാമെന്നും പിണറായി പറഞ്ഞു.