രാവിലെ നോമ്പിന് എഴുന്നേറ്റപ്പോൾ അപ്രതീക്ഷിതം! 10 മിനിട്ട് മൽപ്പിടിത്തം, സഫിയക്ക് കയ്യടിക്കാം; കള്ളനെ തുരത്തി


രാവിലെ നോമ്പിന് എഴുന്നേറ്റപ്പോൾ അപ്രതീക്ഷിതം! 10 മിനിട്ട് മൽപ്പിടിത്തം, സഫിയക്ക് കയ്യടിക്കാം; കള്ളനെ തുരത്തി


കോഴിക്കോട്: കോഴിക്കോട് മുക്കം വല്ലത്തായിൽ മുളക് പൊടി എറിഞ്ഞുള്ള മോഷണശ്രമത്തെ പരാജയപ്പെടുത്തി വീട്ടമ്മ. വല്ലത്തായി പാറ കാവുങ്ങൽ അസീസിന്‍റെ ഭാര്യ സഫിയയുടെ മാല പൊട്ടിക്കാനാണ് കള്ളന്‍ മുളക് പൊടി പ്രയോഗം നടത്തിയത്. പുലർച്ചെ അസീസിന്‍റെ കുടുംബം റംസാന്‍ നോമ്പിനായി എഴുന്നേറ്റപ്പോഴാണ് മോഷണ ശ്രമം ഉണ്ടായത്.

അസീസിന്‍റെ ഭാര്യ സഫിയ അടുക്കള വാതില്‍ തുറന്നപ്പോള്‍ സമീപത്ത് ഒളിച്ചിരുന്ന കള്ളന്‍ രണ്ടു തവണ കണ്ണിലേക്ക് മുളക് പൊടി വിതറി. തുടര്‍ന്ന് സഫിയയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പത്തുമിനിറ്റോളം മല്‍പ്പിടുത്തം ഉണ്ടായി. സഫിയ വിട്ടുകൊടുത്തില്ല. ബഹളം വെച്ചതോടെ ശ്രമം ഉപേക്ഷിച്ച് കള്ളന്‍ ഓടി രക്ഷപ്പെട്ടു. വീട്ടമ്മയുടെ മനോധൈര്യമാണ് മോഷണം തടഞ്ഞത്. ഇക്കാര്യത്തിൽ ഏവരും സഫിയയെ അഭിനന്ദിക്കുകയാണ്. കള്ളനുമായുളള മല്‍പ്പിടിത്തതിനിടെ സഫിയയുടെ നെറ്റിയില്‍ മുറിവേറ്റു. മുക്കം പൊലീസ് കേസെടുത്ത് അന്വഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രദേശത്ത് ഇതിനു മുമ്പും സമാന രീതിയില്‍ മോഷണം നടന്നിട്ടുണ്ട്. അസീസിന്‍റെ അയല്‍പ്പക്കത്തു താമസിക്കുന്ന തൊട്ടിയില്‍ സൗദയുടെ 2 പവന്‍റെ മാലയും അമ്മയുടെ ഒന്നര പവന്‍റെ മാലയും മുളക് പൊടി വിതറി മോഷ്ടിച്ചിരുന്നു. മൂന്നു വര്‍ഷം മുന്‍പ് കൊയിലത്ത് കണ്ടി ഇക്ക എന്നയാളുടെ ഭാര്യയുടെ ഒന്നേകാല്‍ പവന്‍റെ മാലയും കള്ളന്‍ മോഷ്ടിച്ചിട്ടുണ്ട്.