അടുത്ത മണിക്കൂറുകളില്‍ 8 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത മണിക്കൂറുകളില്‍ 8 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 8 ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്.

മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചു വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ മണിക്കൂറുകളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ പാലക്കാട്, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളില്‍ മഴ പ്രവചിച്ചിരിക്കുകയാണ്.

കേരള തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. ഇതിന്റെ വേഗത സെക്കന്‍ഡില്‍ 35 സെന്റീമീറ്റര്‍ മുതല്‍ 55 സെന്റീമീറ്റര്‍ വരെ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.