തളിപ്പറമ്പിൽ പതിവ് പരിശോധനയ്ക്കിടെ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് എംഡിഎംഎ, പൊക്കി എക്സൈസ്


തളിപ്പറമ്പിൽ പതിവ് പരിശോധനയ്ക്കിടെ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് എംഡിഎംഎ, പൊക്കി എക്സൈസ്


തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തത്. സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്.

എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുരേഷ് പിയുടെ നേതൃത്വത്തിൽ  (ഗ്രേഡ്) അസി: എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, രാജേഷ്.കെ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.

കഴിഞ്ഞദിവസം തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലും ന്യൂജെനറേഷൻ മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. കർണ്ണാടക സ്വദേശികളായ ഉമ്മർ ഫാറൂഖ്,  സിദ്ധിഖ് എ എച്ച് എന്നിവരെയാണ് 100. 222 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികൾക്ക് കിട്ടിയ നിർദ്ദേശം. 

ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.   മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസും ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.  ഇലക്ഷൻ സ്‌ക്വാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ, എക്സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആർ, സിവിൽ എക്സൈസ്  ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ.) അജയ് കെ. എ , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.