ബിജെപിയില്‍ ചേരുന്നത് അല്‍പ്പബുദ്ധികള്‍ അതിന് തന്നെ കിട്ടില്ല ; ശോഭാസുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ലെന്ന് ഇ.പി. ജയരാന്‍

ബിജെപിയില്‍ ചേരുന്നത് അല്‍പ്പബുദ്ധികള്‍ അതിന് തന്നെ കിട്ടില്ല ; ശോഭാസുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ലെന്ന് ഇ.പി. ജയരാന്‍


തിരുവനന്തപുരം: അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോയെന്ന് ഇ.പി. ജയരാജന്‍. അത് അല്‍പ്പബുദ്ധികള്‍ മാത്രം ചിന്തിക്കുന്ന കാര്യമാണെന്നും തനിക്ക് ബിജെപിയില്‍ ചേരേണ്ട സാഹചര്യമില്ലെന്നും കേരളത്തില്‍ അതാണ് പാര്‍ട്ടി തനിക്ക് തന്നിരിക്കുന്ന പൊസിഷനെന്നും പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.

ദേശീയ അടിസ്ഥാനത്തില്‍ ബിജെപി ദുര്‍ബലപ്പെടുകയാണ്. ശോഭാ സുരേന്ദ്രന്‍ പറയുന്നതില്‍ അന്വേഷണം നടത്താന്‍ മാധ്യമങ്ങള്‍ തന്റേടം കാണിക്കണമെന്നും പറഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും തള്ളി മുന്‍ നിലപാടില്‍ ഉറച്ചു നിന്നു.

എന്തിനാണ് ശോഭാ സുരേന്ദ്രനോട് താന്‍ സംസാരിക്കുന്നതെന്നും അവരെ തനിക്ക് പണ്ടേ ഇഷ്ടമല്ലെന്നും പറഞ്ഞു. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ ഫോണില്‍ പോലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണങ്ങള്‍ തന്നെയും പാര്‍ട്ടിയെയും കുരുക്കാനുള്ള ബിജെപിയുടെ ആസുത്രിത പദ്ധതിയുടെ ഭാഗമാണെന്നും മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. ഒരു മുന്‍ മന്ത്രി കാണാന്‍ വന്നു. അതേ സംഭവിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ പുകമറയല്ലേ.

ദല്ലാളുമായി അമിത സൗഹൃദം ഇല്ലെന്നും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നത് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. പലരും തന്നെ വന്നു കാണാറുണ്ട്. അതൊക്കെ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. സെക്രട്ടേറിയറ്റില്‍ ലോകത്തിലെ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയും ചര്‍ച്ച ചെയ്യുമായിരിക്കും.

പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന് 'കാത്തിരിക്കൂ' എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറുമോയെന്ന ചോദ്യത്തിന് ഇതൊക്കെ ഇത്ര നിസ്സാരമായിട്ടാണോ കാണുന്നതെന്നും സിപിഐക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നന്ദകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായിട്ടാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞത്. വെണ്ണിലയിലെ നന്ദകുമാറിന്റെ വീട്ടില്‍ വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ബിജെപിയില്‍ ചേരുന്നതിന് തൊട്ടുമുമ്പാണ് ഇ.പി. മാറിയതെന്നും പറഞ്ഞു.