ഇന്ന് ലോക ഭൗമദിനം; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടാം

ഇന്ന് ലോക ഭൗമദിനം; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടാം



ചൂടിനെ കുറിച്ച് ഓര്‍ക്കാത്ത, ചൂടിനെ കുറിച്ച് പറയാത്ത ഒരു മണിക്കൂറ് പോലും ഇപ്പോള്‍ കടന്ന് പോകുന്നില്ലെന്ന് പറയാം. പുറത്തിറങ്ങാന്‍ ആലോചിക്കുമ്പോഴേ 'ഹോ.. എന്തൊരു ചൂട്...' എന്നാകും ആദ്യം പറയുക. അതെ, ഭൂമിയില്‍ ചൂട് കൂടുകയാണ്. ഭൂമിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാസ്ഥാ ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ മനുഷ്യന് സാധാരണയില്‍ നിന്നും അതില്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുത്ത്. ഇങ്ങനെ ചൂട് കൂടിയാല്‍ ഭൂമിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകവും.

ചൂടാണെങ്കില്‍ കൊടും ചൂട്, മഴയാണെങ്കിലും പേമാരി... ഇങ്ങനെ പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് നമ്മളോരോരുത്തരും കടന്ന് പോകുന്നത്. അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാരണങ്ങളാല്‍ ഭൂമി മാലിന്യക്കൂമ്പാരമായി മാറുന്ന കാഴ്ചയാണ് ഓരോ ദിവസവും നമ്മള്‍ കാണുന്നത്. കരയും കടലും കടന്ന് മാലിന്യം മഴയില്‍ പോലും കണ്ടെത്തി. ഭൂമിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗവേഷകര്‍ ശേഖരിച്ച മഴ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്‍റെ നാനോ കണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. അതെ, മഴവെള്ളം പോലും മലിനമായിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനകാല സാഹചര്യത്തിലൂടെ കടന്ന പോകുമ്പോള്‍ മറ്റൊരു ഭൗമദിനം കൂടി കടന്നു വരികയാണ്. ഇത്തവണത്തെ ലോക ഭൌമദിന സന്ദേശം പ്ലാനറ്റ് വേര്‍സസ് പ്ലാസ്റ്റിക് (Planet vs. Plastic) എന്നതാണ്. കരയും കടലും കടന്ന് മഴ വെള്ളത്തെ പോലും മലിനമാക്കുന്ന പ്ലാസ്റ്റികിനെതിരെയുള്ള പടയൊരുക്കത്തിന്‍റെ സമയം അതിക്രമിച്ചെന്ന് ശാസ്ത്രജ്ഞരും പറയുന്നു.