ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി


ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബിജെപി സംസ്ഥാന ഘടകം കത്ത് നല്‍കി.

അതേസമയം മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോഴ ചോദിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ഇഡി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഏപ്രില്‍ 15 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. കെജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് എത്തിച്ചതോടെ എ എപി പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് പ്രതിഷേധവുമായെത്തി.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയായിരുന്നു കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് റോസ് അവന്യൂ കോടതി ഇന്നലെ കേസ് വീണ്ടും പരിഗണിച്ചത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.