ആറളം ഫാമിലെ കാട്ടാനകളെ തുരത്തുന്നത് പുനരാരംഭിക്കുംകാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ചിലവ് വനം വകുപ്പ് ഏറ്റെടുക്കും

ആറളം ഫാമിലെ കാട്ടാനകളെ തുരത്തുന്നത് പുനരാരംഭിക്കും
കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ചിലവ് വനം വകുപ്പ് ഏറ്റെടുക്കും


ഇരിട്ടി: കഴിഞ്ഞ ദിവസം  ആറളം ഫാമിലെ കൃഷിയിടത്തിൽ വെച്ച്  കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുനരധിവാസ മേഖലയിലെ താമസക്കാരനായ  യുവാവ് വൈഷ്ണവിന്റെ ചികിത്സാ ചിലവ് വനം വകുപ്പ് ഏറ്റെടുക്കും. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ   തിങ്കളാഴ്ച്ച പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന വനം വകുപ്പിന്റെ ഉറപ്പിൽ നടന്ന ചർച്ചയിലാണ് തീരുമാനം.  യുവാവിന്റെ ചികിത്സക്കായി  അടിയന്തിരമായി ഒരു ലക്ഷം രൂപ അനുവദിക്കാനും തുടർ ചികിത്സയ്ക്കായി സർക്കാറുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ  സ്വീകരിക്കാമെന്നും വനം വകുപ്പ് അധികൃതർ തൊഴിലാളികൾക്ക് ഉറപ്പു നൽകി. 
ജോലിക്കിടയിൽ യുവാവിനെ കൃഷിയിടത്തിൽ വെച്ച് കാട്ടാന ആക്രമിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തൊഴിലാളികൾ വനം വകുപ്പിന്റെ വാഹനം തടയുകയും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.ഫാമിന്റെ കൃഷിയിടത്തിൽ അവശേഷിക്കുന്ന കാട്ടാനകളെ കൂടി വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ ഉടൻ  പുനരാരംഭിക്കാനും ചർച്ചയിൽ തീരുമാനമായി. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്,  കൊട്ടിയൂർ റെയിഞ്ചർ  സുധീർ നാരോത്ത്, ആറളം പഞ്ചായത്ത് പ്രസിഡണ്ട്  കെ .പി. രാജേഷ് , എ കെ എസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ, കെ .കേളപ്പൻ, കോട്ടി കൃഷ്ണൻ, പി കെ. രാമചന്ദ്രൻ, ബിജുമോൻ, കെ. ശോഭ, ഉഷ തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു.
  കാട്ടാന ഭീഷണിയിൽ നിന്നുംസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കഴിഞ്ഞ ദിവസം ഫാം ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം തൊഴിലാളികൾ വനം വകുപ്പിന് നേരെ പ്രതിഷേധം കടുപ്പിച്ചത്. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ  എത്തി കാണുന്നതിൽ പോലും അധികൃതരിൽ നിന്നും വീഴ്ച്ചയുണ്ടായെന്നാരോപണം ഉയർന്നിരുന്നു. 
കാട്ടാനയുടെ അക്രമണത്തിൽ സാരമായി പരിക്കേറ്റ വൈഷ്ണവ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്. വൈഷ്ണവിന്റെ സ്‌കൂട്ടിയും കാട്ടാന പൂർണ്ണമായും തകർത്തിരുന്നു. ഫാമിലുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഫാമും വനംവകുപ്പും തമ്മിലുള്ള വടംവലി കാരണം പൂർണ്ണതയിൽ എത്തിക്കാനായിട്ടില്ല. കൃഷിയിടത്തിലെ മുഴുവൻ ആനകളെയും വനത്തിലേക്ക് തുരത്തി ഫാം സംരക്ഷിക്കുന്നതിന് നടപടികൾ  ്സ്വീകരിച്ചു വരികയാണ്. എന്നാൽ നിത്യവുമെന്നവണ്ണം തൊഴിലാളിക്ക് നേരെനടന്നുവരുന്ന  കാട്ടാനകളുടെ ആക്രമണങ്ങൾ ഫാമിലെ  തൊഴിലാളികളെ അകെ  ഭീതിയിലാക്കിയിരിക്കുകയാണ്.