ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്

ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ടെറസിൽ നിന്ന് തള്ളിയിട്ടു, അറസ്റ്റ്

ലക്നൗ: വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കൾ ടെറസിൽ നിന്ന് യുവാവിനെ തള്ളിയിടുകയും ചെയ്തു. ആശിഷ് റായ് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സംഭവത്തെത്തുടർന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി നഗരത്തിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. അസുഖബാധിതനായ സഹോദരനെ കാണാൻ ഭാര്യ അമൃതയുടെ അഭ്യർത്ഥനപ്രകാരം ഏപ്രിൽ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ആശിഷ് പറയുന്നു. വീട്ടിൽ എത്തിയപ്പോൾ രാത്രി താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയിൽ നിന്ന് തിളച്ച വെള്ളം എടുത്ത് തൻ്റെ മേൽ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.

ഓടാൻ ശ്രമിച്ചപ്പോൾ ഭാര്യാപിതാവ് തന്നെ മർദിച്ചെന്നും ഭാര്യാസഹോദരൻ തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭീം കുമാർ ഗൗതം പറഞ്ഞു. സംഭവത്തിൽ ഭാര്യ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കെതിരേയും നടപടിയെടുക്കും. തുടർനടപടികൾ നടന്നുവരികയാണ്.