
കൊച്ചി: മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്നേ അഞ്ചു ജില്ലകളില്‍ ആഞ്ഞടിച്ച് മഴ. കൊച്ചിയില്‍ ലഘുമേഘവിസ്‌ഫോടനമുണ്ടായതായി സംശയം. ഒരു മണിക്കൂറില്‍ കളമശേരിയില്‍ 100 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച മഴമാപിനിയില്‍ 98.4 മില്ലീ മീറ്റര്‍ മഴയും രേഖപ്പെടുത്തിയെന്ന് കുസാറ്റ് അറിയിച്ചു. ഒരു മണിക്കൂറില്‍ 100 മില്ലീ മീറ്റര്‍ മഴ ലഭിച്ചാലേ ലഘുമേഘവിസ്‌ഫോടനമായി കണക്കാക്കുകയുള്ളൂ. എന്നിരുന്നാലും അതിനു സമാനമായ മഴയാണ് ലഭിച്ചത്.
ഇന്നലെ കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട ജില്ലകളിലാണ് കനത്ത മഴയുണ്ടായത്. എറണാകുളം നഗരത്തിലും പരിസരങ്ങളിലും മഴ കനത്ത നാശം വിതച്ചു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, ഇടപ്പള്ളി, കളമശേരി, എം.ജി.റോഡ് എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടായിരുന്നു. വലിയതോതില്‍ വാഹനഗതാഗതക്കുരുക്കുമുണ്ടായി.
മണ്‍സൂണില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂമിയില്‍ നിന്ന് ആറു മുതല്‍ ഏഴ് കിലോമീറ്റര്‍ ഉയരത്തില്‍ മേഘങ്ങള്‍ വലിയതോതില്‍ രൂപമെടുക്കുന്നതാണ് കൂമ്പാരമേഘങ്ങള്‍. ഇതില്‍ നിന്നു വലിയ അളവിലാണ് ജലം പുറത്തേക്കുവരുന്നത്. ഇത് ക്ഷണ നേരത്തില്‍ കൂടുതല്‍ മഴ സൃഷ്ടിക്കും