കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്.

വിദേശനിർമ്മിത തങ്കക്കട്ടിക്ക് വിപണിയിൽ 2.04 കോടി രൂപ വിലവരും. കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവത്തൂരിൽവച്ചാണ് തങ്കക്കട്ടി പിടിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് കാർ പിടിയിലായത്. ദേശീയപാതയിൽ പിലിക്കോട് തോട്ടം ഗേറ്റ് ഭാഗത്താണ് കസ്റ്റംസ് സംഘം കാറിനായി വലവിരിച്ച് കാത്തിരുന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് എത്തിയ കാർ കസ്റ്റംസ് സംഘം തടഞ്ഞു നിർത്തിയപ്പോൾ പ്രതി അസ്വാഭാവികതയൊന്നും കാണിക്കാതെ പരിശോധനയുമായി സഹകരിക്കുകയായിരുന്നു. എന്നാൽ, പിന്നിൽ സീറ്റുകൾക്കിടയിൽ തയ്യാറാക്കിയ രഹസ്യ അറയിലേക്ക് അന്വേഷണം നീളുന്നത് കണ്ടതോടെയാണ് താൻ പിടിക്കപ്പെട്ടതായി ദേവരാജ് ഷേഠിന് ബോധ്യമായത്.

തങ്കക്കട്ടി ഏത് വിമാനത്താവളം വഴിയാണ് കടത്തിയതെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുമുള്ള വിവരങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കസ്റ്റംസ് വിശദമായി ചോദ്യംചെയ്യും. സ്വർണക്കടത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധമുള്ള കണ്ണികളുടെ ഭാഗമാണ് പിടിയിലായ ആളെന്നാണ് അധികൃതരുടെ നിഗമനം.