പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് 4 തവണ, ഇന്നും കാണാമറയത്ത്

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് 4 തവണ, ഇന്നും കാണാമറയത്ത്

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാൾ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയിൽ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതാണ് ആ കളളൻ. പയ്യന്നൂർ നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ ഇതുവരെ നാല് തവണ മോഷ്ടിക്കാൻ കയറിയ കക്ഷി.

ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറിൽ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂൾ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കുടിച്ചാണ് കളളൻ പോയത്.

സൂപ്പർ മാർക്കറ്റിലുളളവർ സിസിടിവി നോക്കിയപ്പോൾ നല്ല പരിചയമുളളയാൾ. മുൻപ് മൂന്ന് തവണയും മോഷ്ടിക്കാൻ കയറിയ വിരുതൻ. അന്നെല്ലാം വെന്‍റിലേറ്റർ ഇളക്കിമാറ്റി ആ വഴിയായിരുന്നു വരവ്. അത് കണ്ടെത്തി ഭദ്രമായി അടച്ചതാണ്. എന്നിട്ടും പിൻമാറാതെ ഷീറ്റിളക്കി കളളൻ അകത്തെത്തി. ആളെ കൃത്യമായി കണ്ടിട്ടും , കവർച്ച ആവർത്തിച്ചിട്ടും പയ്യന്നൂർ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അവർക്കും ക്ഷീണം.