മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ​ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് മെയ് 7 ന് നടക്കും.

അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), കര്‍ണാടക (14), മധ്യപ്രദേശ് (8)മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നിവയാണ് മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ. ഇവിടങ്ങളിൽ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്.

പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികൾ നടത്തുന്നുണ്ട്. രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും തെലങ്കാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുക്കുന്നുണ്ട്.