ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്


ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്


ദില്ലി : ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും. 


പ്രചാരണങ്ങളിൽ സജീവമായി അരവിന്ദ് കെജരിവാൾ 

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ സജീവമായി അരവിന്ദ് കെജരിവാൾ. ദില്ലിയിലടക്കം ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം തുടരും. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ശക്തമാക്കിയാകും കെജരിവാൾ പ്രചാരണം തുടരുക. അതെ സമയം എഴുപത്തിയഞ്ച് വയസു കഴിഞ്ഞ വർക്ക് ബി ജെ പിയിൽ വിരമിക്കൽ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുൻ പ്രസ്താവനയുടെ വീഡിയോകൾ വ്യാപകമായി പ്രചാരണായുധമാക്കുകയാണ് എ എ പി.മോദി ബിജെപിയിലെ നേതാക്കളെ അമിത് ഷായ്ക്കായി ഒതുക്കുന്നുവെന്ന ആരോപണം തുടർ ദിവസങ്ങളിലും സജീവമാക്കാനാണ് എ എ പി തീരുമാനം.