
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിംഗ് ഇന്ന് രാവിലെ എഴിന് ആരംഭിക്കും. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 ലോക്സഭാ മണ്ഡലങ്ങളിലേക്കും ആന്ധ്രപ്രദേശ്, ഒഡീഷ നിയമസഭയിലേക്കും ഇന്ന് വിധിയെഴുതും. നാലാംഘട്ടം കഴിയുന്നതോടെ 381 ലോക്സഭാ സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും.
ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ ചില മണ്ഡലങ്ങളിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണു വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശ് 13, മഹാരാഷ്ട്ര 11, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എട്ടുവീതം, ബിഹാർ അഞ്ച്, ജാർഖണ്ഡ്, ഒഡീഷ നാലുവീതം, ജമ്മു കാഷ്മീർ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.