പണം കടംകൊടുത്തില്ല; രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ


പണം കടംകൊടുത്തില്ല; രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ 


പത്തനംതിട്ട: കടം ചോദിച്ചത് കൊടുക്കാത്തതിനെ തുടർന്ന് അയിരൂർ കൈതക്കോടി സ്വദേശിയെയും സുഹൃത്തിനെയും കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ  വാടകക്ക് താമസിക്കുന്ന ശിവകുമാർ (49),  സുഹൃത്ത് ഷിബു എന്നിവർക്കാണ് ഞായറാഴ്ച്ച കുത്തേറ്റത്. പ്രതി മലയാലപ്പുഴതാഴം രഞ്ജിത്ത് ഭവനം വീട്ടിൽ രഞ്ജിത്തിനെ (37) പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകുമാറിന്റെ പണിക്കാർ വാടകക്ക് താമസിക്കുന്ന വീട്ടിൽവെച്ചാണ് ആക്രമണമുണ്ടായത്.

രഞ്ജിത്തിനെ പണിക്കായി ശിവകുമാർ വിളിക്കാത്തതും ആക്രമണത്തിന് കാരണമായി. അസഭ്യം വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്ത രഞ്ജിത്ത്, സിറ്റൗട്ടിൽ ഇരുന്ന ശിവകുമാറിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാൾക്ക് ആഴത്തിൽ മുറിവേറ്റു. തടയാനെത്തിയ വീടിന്റെ ഉടമസ്ഥനെയും  രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് മുറ്റത്തു നിന്ന ഷിബുവിന്റെ വയറിന്റെ ഇരുവശത്തും കുത്തി മുറിവേൽപ്പിച്ചു. ഓടിയെത്തിയ അയൽവാസി നീലകണ്ഠനെയും കുത്തി കൈക്ക് പരിക്കേൽപ്പിച്ചു.  ശിവകുമാറും ഷിബുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.