പിണറായി വിജയന് എഴുപത്തൊൻപതാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് കമലാഹാസന്‍

പിണറായി വിജയന് എഴുപത്തൊൻപതാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് കമലാഹാസന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. പിണറായിക്ക് ആശംസകള്‍ നേര്‍ന്ന് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

കേരളത്തിന്‍റെ ശക്തനായ നേതാവിന് ഊഷ്മളമായ ജന്മദിനാശംസകൾ. കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കും. തങ്കളുടെ മുന്നോട്ടുള്ള യാത്രയില്‍ വിജയവും സമൃദ്ധിയും ആശംസിക്കുന്നുവെന്നാണ് പിറന്നാള്‍ സന്ദേശത്തില്‍ കമല്‍ പറയുന്നത്. 

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. 

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാർത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു. 

മുണ്ടയിൽ കോരൻ - കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം.  2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്.  പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.