ആന്ധ്രയില്‍ എംഎല്‍എയെ തിരിച്ചടിച്ച യുവാവ് ഭീതിയില്‍ ; കുടുംബത്തിന്റെ സുരക്ഷയ്ക്കായി പോലീസിനെ സമീപിച്ചു

ആന്ധ്രയില്‍ എംഎല്‍എയെ തിരിച്ചടിച്ച യുവാവ് ഭീതിയില്‍ ; കുടുംബത്തിന്റെ സുരക്ഷയ്ക്കായി പോലീസിനെ സമീപിച്ചു


ഹൈദരാബാദ്: കഴിഞ്ഞദിവസം പോളിംഗ്ബൂത്തില്‍ വെച്ച് എംഎല്‍എയും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും വോട്ടര്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവത്തില്‍ തന്റെയും കുടുംബത്തിന്റെയും ജീവനില്‍ ഭീതിയുണ്ടെന്നും താന്‍ സംരക്ഷണ തേടുകയാണെന്നും യുവാവ്. ആന്ധ്രയിലെ തെനാലിയിലെ പോളിംഗ് ബൂത്തില്‍ മര്‍ദ്ദനത്തിനിരയായത് സുധാകര്‍ എന്ന യുവാവാണ്. സുധാകറിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ ശിവകുമാറും അനുയായികളും ചേര്‍ന്നായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്.

പോളിംഗ് ബൂത്തില്‍ നിന്നും പുറത്തു വന്ന വീഡിയോയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍ സുധാകറിനെ മുഖത്തടിക്കുന്നത് കാണാം. മറ്റ് വോട്ടര്‍മാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സുധാകര്‍ തിരിച്ചടിക്കുകയും ഇതുകണ്ട് എംഎല്‍എയുടെ സഹായികള്‍ അദ്ദേഹത്തിന് നേരെ കുതിക്കുകയും സുധാകറിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

സുധാകറിന്റെ പരാതിയില്‍ എം.എല്‍.എയ്ക്കും അദ്ദേഹത്തിന്റെ ഏഴ് സഹായികള്‍ക്കും എതിരെ ലോക്കല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവം ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവിന് കാരണമായിട്ടുണ്ട്. ടിഡിപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവം വലിയ ചര്‍ച്ചയായി. തോല്‍വി ഭയന്നുള്ള ഭരണകക്ഷിയുടെ നിരാശയാണ് വോട്ടറെ മര്‍ദ്ദിക്കുന്നതിലേക്ക് നയിച്ചതെന്ന് ടിഡിപി വക്താവ് ജ്യോത്സ്ന തിരുനാഗി പറഞ്ഞു. ഈ പരിഹാസവും വിഡ്ഡിത്തവും ജനങ്ങള്‍ ഇനി പൊറുക്കില്ല എന്നാണ് വോട്ടറുടെ തിരിച്ചടി കാണിക്കുന്നതെന്നും പറഞ്ഞു. വൈറല്‍ വീഡിയോ തങ്ങള്‍ അവലോകനം ചെയ്തു വരികയാണെന്നും ഭരണകക്ഷിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ അബ്ദുള്‍ ഹഫീസ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.