മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു


മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വൻ സ്ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ആളപായം ഇല്ലെന്നാണ് വിവരങ്ങൾ. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ) സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടുത്തത്തിന് കാരണമായി.

തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും കമ്പനിയിലെ അഞ്ച് മുതൽ ആറ് വരെ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.