ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതി ഉള്‍വനത്തില്‍ മരിച്ചു; കാട്ടരുവിയും വനപാതകളും താണ്ടി പോലീസ് മൃതദേഹം ചുമന്നത് അഞ്ചു കിലോമീറ്റര്‍


ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതി ഉള്‍വനത്തില്‍ മരിച്ചു; കാട്ടരുവിയും വനപാതകളും താണ്ടി പോലീസ് മൃതദേഹം ചുമന്നത് അഞ്ചു കിലോമീറ്റര്‍


പത്തനംതിട്ട: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതി ഉള്‍വനത്തില്‍ മരിച്ചു. പമ്പ സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ അഞ്ചു കിലോമീറ്ററോളം ചുമന്ന് മൃതദേഹം വനത്തിനു പുറത്തെത്തിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലേക്കു മാറ്റി. ളാഹ ആനത്തോട് കോളനിയില്‍ പൊടിമോന്റെ ഭാര്യ ജോനമ്മ (22) യാണു മരിച്ചത്. ഇവര്‍ രോഗബാധിതയായിരുന്നു.

പൊടിമോന്‍, ഇയാളുടെ അമ്മ, ജോനമ്മ, മറ്റു ബന്ധുക്കള്‍, കുട്ടികള്‍ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ രണ്ടിനാണ് ളാഹ കോളനിയില്‍നിന്ന് ഉള്‍വനത്തിലേക്കു കയറിയത്. ചാലക്കയത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തിലാണ് ഇവര്‍ തങ്ങിയത്. രക്തക്കുറവിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നടത്തുന്നയാളാണു ജോനമ്മ. മരുന്നു തീര്‍ന്നതോടെ ഏഴിനു രാവിലെ വയറുവേദനും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. കാടിനു വെളിയിലെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 10 മണിയോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

എസ്.സി/എസ്.ടി. പ്രമോട്ടറെയും പോലീസിനെയും വിവരമറിയിക്കാന്‍ ചാലക്കയത്തേക്കു തിരിച്ച പൊടിമോന് വഴിയില്‍ കാട്ടാനകളുടെ സാമീപ്യമുണ്ടായതിനാല്‍ മൂന്നു മണിക്കൂറോളം ഒളിച്ചുകഴിയേണ്ടിവന്നു. പിന്നീട് ചാലക്കയത്തെത്തി പ്രമോട്ടറെ വിളച്ചറിയിച്ചു. തുടര്‍ന്ന് എസ്.എച്ച്.ഒ: ജി.എസ്. ശ്യാംജിയുടെ നേതൃത്വത്തില്‍ പമ്പ പോലീസ് വനത്തിലേക്കു തിരിച്ചു. കാട്ടുകമ്പില്‍ തുണികെട്ടി ജോനമ്മയുടെ മൃതദേഹം അതിനുള്ളിലാക്കിയാണ് പോലീസുദ്യോഗസ്ഥര്‍ അഞ്ചു കിലോമീറ്റര്‍ ചുമന്നത്. ദുര്‍ഘടമായ വനപാതകളും കാട്ടരുവികളും കടന്ന് വനത്തിനു പുറത്തെത്താന്‍ അഞ്ചു മണിക്കൂറോളം സമയമെടുത്തു.

ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. പൊടിമോനും ജോനമ്മയും നിയമപരമായി വിവാഹിതരല്ല. രണ്ടുവര്‍ഷമായി ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. എസ്.ഐ: ജെ. രാജന്‍, ഗ്രേഡ് എസ്.ഐ: കെ.വി. സജി, എസ്.സി.പി.ഒമാരായ സാംസണ്‍ പീറ്റര്‍, നിവാസ്, സി.പി.ഒ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം കാടിനു പുറത്തെത്തിച്ചത്.