കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി; ഭര്‍ത്താവ്‌ അറസ്‌റ്റില്‍

കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി; ഭര്‍ത്താവ്‌ അറസ്‌റ്റില്‍മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്തു കൊലപ്പെടുത്തി. മൂവാറ്റുപുഴ ഈസ്‌റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്‌പാറയില്‍ കത്രിക്കുട്ടി(കുഞ്ഞിപ്പെണ്ണ്‌ -84)യാണു കൊല്ലപ്പെട്ടത്‌.
സംഭവത്തില്‍ ഭര്‍ത്താവ്‌ ജോസഫി(പാപ്പൂഞ്ഞ്‌-86)നെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഭാര്യയുടെ നിസഹായാവസ്‌ഥയും ജോസഫിന്‌ വാര്‍ധ്യക്യ സഹജമായി ഉടലെടുത്ത മാനസിക പ്രശ്‌നങ്ങളുമാണ്‌ കൃത്യത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.
കഴിഞ്ഞ മൂന്നിനു രാത്രി 11.30 നായിരുന്നു നാടിനെ നടുക്കിയ സംഭവം. വര്‍ഷങ്ങളായി കിടപ്പുരോഗിയായിരുന്ന കത്രികുട്ടി മകന്‍ ബിജുവിന്റെയും അവിവാഹിതയായ മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം. രാത്രി വൈകി ജോസഫ്‌ വീടിന്‌ പുറത്തേക്ക്‌ പോകുന്നത്‌ കണ്ട മക്കള്‍ മുറിയില്‍ നോക്കുമ്പോള്‍ കഴുത്തറുത്ത നിലയില്‍ അമ്മ രക്‌തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ്‌ കണ്ടത്‌. ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു.
തുടര്‍ന്ന്‌ മകന്‍ ബിജു മൂവാറ്റുപുഴ പോലീസില്‍ വിവരമറിയിച്ചു. സ്‌ഥലത്ത്‌ എത്തിയ പോലീസ്‌ കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ സമീപ പ്രദേശത്ത്‌ നിന്ന്‌ രാത്രി തന്നെ കസ്‌റ്റഡിയില്‍ എടുത്തു. ഇരുവരും സ്‌നേഹത്തോടെയാണ്‌ കഴിഞ്ഞിരുന്നതെന്നും കത്രിക്കുട്ടിയുടെ പരിചരണത്തില്‍ ജോസഫ്‌ ശ്രദ്ധാലു ആയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായന്നും മൂവാറ്റുപുഴ സി.ഐ. ബി.കെ. അരുണ്‍ പറഞ്ഞു.
വിരലടയാള വിദഗ്‌ധര്‍ ഉള്‍പ്പെടെ സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. മറ്റു മക്കള്‍: ബെന്നി, ജെസി, ജോളി. മരുമക്കള്‍: ജോണ്‍, ജോയി, മിനി, ലത.