ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ഒമ്പത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു.

രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്, രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കടുത്ത നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതിനെ കുറിച്ച് 60 കോളുകള്‍ ലഭിച്ചതായും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 കോളുകള്‍ ലഭിച്ചതായും ഡല്‍ഹി പൊലീസിന് അറിയിച്ചു. കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്‌നിശമന സേനയ്‌ക്ക് അമ്പതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളോ മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നും പൊലീസ് അറിയിച്ചു.

ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഇന്നലെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നായിരുന്നു അറിയിപ്പ്. അതിശക്തമായ കാറ്റിൽ കൃഷി നശിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുൽവീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.